Sons and heirs of the sea, 68 families own tsunami titles

രാക്ഷസ തിരമാലകൾ വീഴുങ്ങിയ ജീവിതങ്ങളെയും ചേർത്തുപിടിച്ച് ഭൂമിയുടെ അവകാശികളാക്കി സംസ്ഥാന സർക്കാർ. പുറമ്പോക്കിൽ അധിവസിച്ചിരുന്ന ജില്ലയിലെ 68 സുനാമി ബാധിതരായ കുടുംബങ്ങൾക്ക് കൂടിയാണ് പട്ടയം ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് വീട് ലഭിച്ചപ്പോഴും സ്വന്തം ഭൂമിയെന്നത് ഇവർക്ക് അന്യമായിരുന്നു. ആ സ്വപ്നം കൂടി സ്വന്തമായിരിക്കുകയാണ് കടലിന്റെ മക്കൾക്ക്.

സുനാമി നാശം വിതച്ച കൊടുങ്ങല്ലൂർ താലൂക്കിലെ ശ്രീനാരായണപുരം, പെരിഞ്ഞനം, മതിലകം പ്രദേശങ്ങളിൽ താമസിക്കുന്ന 68 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്.

സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പി വെമ്പല്ലൂരിൽ താമസിക്കുന്ന 142 ഗുണഭോക്താക്കളിൽ 50 കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. പെരിഞ്ഞനത്തെ 91 ഗുണഭോക്താക്കളിൽ 17 കുടുംബങ്ങൾക്കും മതിലകം, പുളിമുട്ടത്ത് ഒരു ഗുണഭോക്താവിനുമാണ് പട്ടയം ലഭിച്ചത്. കഴിഞ്ഞ താലൂക്ക് തല പട്ടയമേളയിൽ പെരിഞ്ഞനത്തെ 42 കുടുംബങ്ങൾക്കും പുളിമുട്ടത്തെ 19 കുടുംബങ്ങൾക്കും പട്ടയം വിതരണം ചെയ്തിരുന്നു.