കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നല്കാനുമായി സംഘടിപ്പിക്കുന്ന ‘മഴമിഴി’ മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. ചടങ്ങില്‍, രൂപരേഖ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനു നല്‍കിയും ലോഗോ ഗായികയും എം.എല്‍.എയുമായ ദലീമയ്ക്ക് നല്‍കിയുമാണ് പ്രകാശനം ചെയ്തത്.
ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനറുമായ പ്രമോദ് പയ്യന്നൂര്‍, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ മനു സി. പുളിക്കല്‍, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദര്ശന് കുന്നത്തുകാല്‍, മുഹമ്മദ് റിജാസ് എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഗോത്രകലകള്‍, നാടന്‍കലകള്‍, അനുഷ്ഠാനകലകള്‍, ക്രിസ്തീയ കലാരൂപങ്ങള്‍, മാപ്പിളകലാരൂപങ്ങള്‍, ക്ഷേത്രകലകള്‍, ശാസ്ത്രീയകലകള്, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സര്‍ക്കസ്, സൈക്കിള്‍ യജ്ഞം എന്നിവയും ട്രാന്‍സ്ജെന്‍ഡേര്‍സ്, ഭിന്നശേഷിക്കാര്‍, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കി, 3500 ഓളം കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി’ സംഘടിപ്പിക്കുന്നത്.
നാടകം, കഥാപ്രസംഗം, ഗാനമേള എന്നീ കലാരൂപങ്ങളും ഇതിന്റെ തുടര്‍ച്ചയായി ലോകമലയാളികളിലേക്കെത്തും. ആഗസ്റ്റ് 28 മുതല്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ മെഗാ സ്ട്രീമിങ് സാംസ്കാരിക വിരുന്നായ ‘മഴമിഴി’ രാത്രി ഏഴു മുതല്‍ ഒമ്പതുവരെയാണ് ലോക മലയാളികളിലേക്ക് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ എത്തിക്കുന്നത്. സാംസ്കാരിക വകുപ്പ്, സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഫോക് ലോര്‍ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ‘മഴമിഴി’ ഒരുക്കുന്നത്.