സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കി
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് (റിട്ട) ജസ്റ്റിസ്.കെ.ഹേമ അദ്ധ്യക്ഷയായും ശ്രീമതി ശാരദ, ശ്രീമതി കെ.ബി.വല്‍സലകുമാരി എന്നിവര്‍ അംഗങ്ങളുമായി ഒരു വിദഗ്ദ്ധ സമിതിയെ 01.07.2017-ലെ സ.ഉ.(കൈ)നം.16/2017/സാം.കാ.വ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പ്രസ്തുത സമിതി 31.12.2019-ന് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രസ്തുത റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ പ്രത്യേക പ്രാധാന്യം നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബഹു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം 13.07.2021-ന് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ പ്രതിനിധികള്‍, നിയമവകുപ്പ് സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി ഒരു യോഗം ചേരുകയും ഹേമ സമിതി റിപ്പോർട്ടിലെ ശിപാർശകളിൽ സ്വീകരിക്കാവുന്ന തുടർ നടപടികൾ സംബന്ധിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു. ജസ്റ്റിസ്.കെ.ഹേമ സമിതി റിപ്പോർട്ടിലെ ശിപാർശകളിൽ ഭരണപരമായ നടപടി സ്വീകരിക്കാവുന്ന വിഷയങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിവ മുഖേന തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
ഹേമ സമിതി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡബ്ല്യു.സി.സി ഉള്‍പ്പെടെയുള്ള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ യോഗം കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തില്‍ ചേരുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ സാമൂഹ്യ നീതി വകുപ്പ്, വനിതാ കമ്മീഷന്‍ എന്നിവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചും ആലോചിട്ടുണ്ട്. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ കെ.എസ്.എഫ്.ഡി.സിയും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് ക്രോഡീകരിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്മേല്‍ ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.
ഹേമ സമിതി കമ്മീഷന്‍ ഓഫ് എന്‍ക്വയറീസിന്റെ പരിധിയില്‍ വരുന്നില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തങ്ങളുടെ സ്വകാര്യ അനുഭവങ്ങള്‍ / വിവരങ്ങള്‍ ജസ്റ്റിസ്.കെ.ഹേമ സമിതിയോട് വെളിപ്പെടുത്തിയത് സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ റിപ്പോര്‍ട്ട് കോണ്‍ഫിഡന്‍ഷ്യലായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ്.കെ.ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കുവാന്‍ കഴിയില്ലെന്നും 22.10.2020-ലെ 236(1)2020/SIC നടപടി ക്രമം വഴി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവായിട്ടുണ്ട്.