മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ; 8.50 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ അർഹരായവർക്കായി ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നടത്തി. തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ അദാലത്ത് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.
145 അപേക്ഷകളാണ് അദാലത്തില്‍ പരിഗണനയ്ക്ക് വന്നതെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇവയില്‍ 89 എണ്ണം തീര്‍പ്പാക്കി. ഇവയില്‍ 50 പേര്‍ക്ക് 4.92 കോടി രൂപയുടെ ചെക്ക് വിതരണം ചെയ്തു. 39 പേരുടെ 3.58 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം തീര്‍പ്പാക്കി. ഇവരുടെ ഇന്‍ഷുറന്‍സ് തുക ഒരു മാസത്തിനകം വിതരണം ചെയ്യും. 9 വര്‍ഷം പഴക്കമുള്ള ക്ലെയിമുകള്‍ വരെ ഇന്ന് തീര്‍പ്പാക്കിയതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട്, ഡയാറ്റം ടെസ്റ്റ്, ഹിസ്റ്റോ പാതോളജി റിപ്പോര്‍ട്ട് തുടങ്ങിയവ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പലപ്പോഴും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് വൈകുവാന്‍ കാരണം. ഇന്ന് പരിഗണനയ്ക്കെടുത്തതില്‍ തീര്‍പ്പാവാത്ത ബാക്കി അപേക്ഷകള്‍ ഉദ്യോഗസ്ഥ തലത്തില്‍ അദാലത്തുകള്‍ നടത്തി 3 മാസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അദാലത്ത് ജനുവരി രണ്ടാം വാരം കോഴിക്കോട് വെച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.