Chalakudy Modern Fish Market; Review meeting joined

 

ചാലക്കുടിയില്‍ ആരംഭിക്കുന്ന ആധുനിക മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മത്സ്യമാര്‍ക്കറ്റിനായി പരിഗണനയിലുള്ള സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതരുമായുള്ള
അവലോകന യോഗം ചേര്‍ന്നത്.

മത്സ്യമാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി ഡിപിആര്‍ തയ്യാറാക്കിയ കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനോട് വിശദീകരണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. മത്സ്യ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി 2,96,66,087 രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 940 സ്‌ക്വയര്‍ മീറ്ററില്‍ 28 ഫിഷ് സ്റ്റാള്‍, 20 റിറ്റൈല്‍ ഷോപ്‌സ്, 2 കോള്‍ഡ് സ്റ്റോറേജ് ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടാവുക.

സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, വൈസ് ചെയര്‍മാന്‍ സിന്ധു ലോജു, നഗരസഭ അംഗങ്ങളായ ജിജു എസ് ചിറയത്, കെ വി പോള്‍, നിത പോള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.