മത്സ്യ മാർക്കറ്റുകൾ കിഫ്ബിയിൽ ഉൾപ്പെടുത്തും: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആലപ്പുഴ: അരൂർ മത്സ്യ മാർക്കറ്റിന്റെ നവീകരണത്തിന്റെ ശിലാസ്ഥാപനവും പരമ്പരാഗത മല്‍സ്യമേഖലയിലെ ഉല്‍പ്പാദന-വരുമാന വര്‍ധനവിനായുള്ള ഉല്‍പ്പാദന ബോണസ് വിതരണോദ്ഘാടനവും മന്ത്രി ജെ.മേഴ്സികുട്ടിയമ്മ നിർവഹിച്ചു.അരൂർ ശ്രീകുമാരവിലാസം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.എം ആരിഫ് എം.എൽ.എ അധ്യക്ഷനായി. മാർക്കറ്റുകളെ കിഫ്ബിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.ഓരോ ജില്ലയിലും പത്തോളം മല്‍സ്യമാര്‍ക്കറ്റുകളെ തിരഞ്ഞെടുത്ത് കിഫ്ബി സഹായത്തോടെ ആധുനീകരിക്കും.ഇങ്ങനെ നൂറിലധികം മർക്കറ്റുകൾ അത്യാധുനികമാക്കും.400 കോടി രൂപയുടെ വലിയ പദ്ധതിയാണിത്. 586.45 ലക്ഷം രൂപയാണ് ഈ വർഷം ബോണസ് വിതരണം ചെയ്യുന്നത്.ആലപ്പുഴ ജില്ലയിലെ 40 സംഘങ്ങളിലെ 4526 തൊഴിലാളികൾക്കായി 43.33 ലക്ഷം രൂപ ഉല്‍പ്പാദന ബോണസായി വിതരണം ചെയ്തു. മാർക്കറ്റുകൾ ആധുനികമാകുമ്പോൾ വൃത്തിയായി സംരക്ഷിക്കാൻ പഞ്ചായത്തുകൾക്ക് കഴിയണം.മത്സ്യതൊഴിലാളി പിടിക്കുന്ന മീനുകൾക്ക് വില നിർണയിക്കാൻ തൊഴിലാളികൾക്ക് തന്നെ സാധിക്കണം. ജനപ്രതിനിധി എന്ന നിലയിൽ അരൂർ മത്സ്യ മാർക്കറ്റ് വികസനം ദീർഘകാല സ്വപ്നമായിരുന്നുവെന്ന് ആരിഫ് പറഞ്ഞു. ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മത്സ്യ ഫെഡ്‌ മുൻ ഭരണ സമിതി അംഗം ടി.കെ തങ്കപ്പൻ, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, ഉഷ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു

Please follow and like us: