കേരളത്തെ നടുക്കിയ പേമാരിയെ തുടര്‍ന്നുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ 65000 ആളുകളെ രക്ഷപ്പെടുത്തിയതായി ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ആഗസ്റ്റ് 15 മുതല്‍ 20 വരെ ഉളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ 2826 മത്സ്യത്തൊഴിലാളികളും 699 യാനങ്ങളും പങ്കെടുത്താണ് കേരളം ഇതുവരെ കാണാത്ത ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കടലിന്‍റെ മക്കളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കിയത്. ആഗസ്റ്റ് 15-ന് 33 വളളങ്ങളാണ് പത്തനംത്തിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പുറപ്പെട്ടത്. ഔട്ട്ബോട് എന്‍ജിന്‍ ഘടിപ്പിച്ച വളളങ്ങള്‍ക്കാവിശ്യമുളള ഇന്ധനം മത്സ്യഫെഡ് ലഭ്യമാക്കി.  ആഗസ്റ്റ് 16-ന് ഫിഷറീസ് വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം ഡയറക്ട്രേറ്റില്‍ ആരംഭിക്കുകയും 290 വളളങ്ങള്‍ പല ജില്ലകളിലേക്ക് നല്‍കുകയും ചെയ്തു.  ഇതിന്‍റെ ഫലമായി 7000 ആളുകളെയാണ് രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിച്ചത്. ആഗസ്റ്റ് 17-ന് ഫിഷറീസ് വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 395 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തിയത്. 20000 ആളുകളെ രക്ഷപ്പെടുത്തുകയുണ്ടായി.
മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പത്തനംത്തിട്ട ടൗണ്‍, തിരുവല്ല, ചെങ്ങന്നൂര്‍, വൈക്കം, ആലുവ, കടമ്മക്കുടി, മാള, ചാലക്കുടി, ആലത്തൂര്‍, ഷൊര്‍ണ്ണൂര്‍, പുരത്തൂര്‍, പൊന്നാനി, മുക്കം എന്നിവിടങ്ങളില്‍ നിന്നും 13000 ആളുകളെ രക്ഷപ്പെടുത്തി. ആഗസ്റ്റ് 18-ന് ചെങ്ങന്നൂരില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും 537 ബോട്ടുകള്‍ സജ്ജമാക്കിയെങ്കിലും 514 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  20000 ആളുകളെ ചെങ്ങന്നൂര്‍ പ്രദേശത്തു നിന്നു മാത്രം രക്ഷപ്പെടുത്തിയത്.
ആഗസ്റ്റ് 19-ന് 672 വളളങ്ങള്‍ സജ്ജമാക്കിയെങ്കിലും 656 വളളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 5000 ആളുകളെയാണ് ചെങ്ങന്നൂര്‍ പ്രദേശത്ത് നിന്ന് ക്യാമ്പുകളില്‍ എത്തിച്ചത്. 656 വളളങ്ങള്‍ ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കുട്ടനാട്, ആലുവ, മാള, തുരുത്തിപ്പുറം, വളളിക്കുന്ന്, താനൂര്‍, കോഴിക്കോട്, ചാലക്കുടി എന്നിവിടങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുളളത്. 699 ബോട്ടുകളിലായി  2927 മത്സ്യത്തൊഴിലാളികള്‍ അഞ്ച് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതിന്‍റെഫലമായാണ് ഇത്രയും ആളുകളെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ നിന്നും പുറപ്പെട്ട 113 ബോട്ടുകളിലെ 360 മത്സ്യത്തൊഴിലാളികളും, കൊല്ലം ജില്ലയിലെ നിന്ന് 165 ബോട്ടുകളിലായി 752 മത്സ്യത്തൊഴിലാളികളും, ആലപ്പുഴ ജില്ലയിലെ നിന്ന് 118 ബോട്ടുകളിലായി  706 മത്സ്യത്തൊഴിലാളികളും, കോട്ടയം ജില്ലയിലെ 15 ബോട്ടുകളിലായി 18 മത്സ്യത്തൊഴിലാളികളും, എറണാകുളം ജില്ലയിലെ 127 ബോട്ടകളിലായി  343 മത്സ്യത്തൊഴിലാളികളും, തൃശ്ശൂര്‍ ജില്ലയിലെ 31 വളളങ്ങളിലായി 114 മത്സ്യത്തൊഴിലാളികളും, പലക്കാട് ജില്ലയിലെ 6 വളളങ്ങളിലായി 25 മത്സ്യത്തൊഴിലാളികളും, മലപ്പുറം ജില്ലയിലെ 25 വളളങ്ങളിലായി 392 മത്സ്യത്തൊഴിലാളികളും, കോഴിക്കോട് ജില്ലയിലെ 25 വളളങ്ങളിലായി 145 മത്സ്യത്തൊഴിലാളികളും, കണ്ണൂര്‍ ജില്ലയിലെ 42 വള്ളങ്ങളിലായി 72 മത്സ്യത്തൊഴിലാളികളും  രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.  ഇവര്‍ക്ക് വേണ്ടുന്ന ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഔട്ട്ബോട് മോട്ടോര്‍  എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക ലഭ്യമാക്കും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ തകരാറിലായ യാനങ്ങള്‍ നവീകരിക്കുന്നതിനുളള തുക സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Please follow and like us: