5000 നാവിക് നിര്‍മ്മാണത്തിനുളള ഉത്തരവ് കെല്‍ട്രോണിന് കൈമാറും :മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ

കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി 5000 നാവിക് അടിയന്തിരമായി നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവ് കെല്‍ട്രോണിന് കൈമാറുമെന്ന് മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പ്രസ്താവിച്ചു.  നാവിക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തു ന്നതിനായി ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത നാവിക് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കെല്‍ട്രോണിന് കൈമാറിയിട്ടുണ്ട്.  കൊല്‍ട്രോണില്‍ ഇതുവരെ ഇതിന്‍റെ അടിസ്ഥാനത്തില്‍ 1000 നാവികുകള്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് സന്ദേശങ്ങള്‍ കരയിലേക്ക് നല്‍കുന്നതിനും തിരികെ രക്ഷാസന്ദേശം ലഭിക്കുന്നതിനുമുള്ള സംവിധാനമാണ് നാവികില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനുപരിയായി കൂടുതല്‍ ഫലപ്രദമായി നാവിക് ഉപയോഗിക്കുന്നതിന് മലയാളത്തില്‍ ശബ്ദ സന്ദേശം നല്‍കുന്നതിനും, തദ്ദേശീയ അതിരുകള്‍ കടക്കുമ്പോള്‍ അലാറം പ്രവര്‍ത്തിക്കുന്നതിനും, നേരത്തെ ചേര്‍ത്തിട്ടുള്ള സന്ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുന്നതിനും, റിസീവര്‍, ബാറ്ററി എന്നിവ ഒറ്റ ഉപകരണമായി നല്‍കുന്നതിനും, വാട്ടര്‍പ്രൂഫായി ഉപകരണം സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ കൂടി കെല്‍ട്രോന്‍ ഐ.എസ്.ആര്‍.ഒ.യുടെ സഹകരണത്തോടെ പുതുതായി നിര്‍മ്മിക്കുന്ന നാവികില്‍ ഉള്‍പ്പെടുത്തും. കപ്പല്‍ ചാലുകളില്‍ പ്രവേശിക്കുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ആവശ്യമായ സെന്‍സര്‍ സാങ്കേതിക വിദ്യ കൂടി കെല്‍ട്രോണിന് കൈമാറാന്‍ ഐ.എസ്.ആര്‍.ഒ.യുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടാകണമെന്നും ഇതിനായി  ഐ.എസ്.ആര്‍.ഒ.യുടെയും കെല്‍ട്രോണിന്‍റെയും പ്രവര്‍ത്തനം ഏകോപിപ്പിക്കണ മെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ ഡോ. എസ്. ജിപ്തി ശങ്കര്‍, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഹേമലത, വിഭാമിശ്ര, വീര്‍കുമാര്‍ ചോപ്ര, ഡോ.എ.വിജയചന്ദ്ര, ബി. ബാലകുമാര്‍, അഭിലാഷ്.വി, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Please follow and like us: