ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകള്‍ ട്രോളിംഗ് നിരോധന ഫലമായി വര്‍ദ്ധിച്ച ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കര്‍ശനമായി നേരിടുമെന്നും അവര്‍ക്കേതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ശ്രീ. ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.

ജൂണ്‍ 10-ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന ട്രോളിംഗ്  നിരോധനം അവസാനിക്കുന്നതോടെ മത്സ്യസമ്പത്ത് സ്വഭാവികമായും വര്‍ദ്ധിക്കും. ട്രോളിംഗ് നിരോധന കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഉപരിതല മത്സ്യങ്ങളായ അയല, ചാള അടിത്തട്ട് മത്സ്യങ്ങളായ കൊഞ്ച്, കണവ, കിളിമീന്‍ എന്നിവയുടെയും പ്രജനന കാലാവധി.

ട്രോളിംഗ് സമയത്തുളള യന്ത്രവത്കൃത ബോട്ടുകളുടെ നിരോധനം കടല്‍ ശാന്തമാകുന്നതിനുളള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്. അതിന്‍റെ ഫലമായി കടല്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കാര്യമായ  മാറ്റങ്ങള്‍ ഉണ്ടാകുകയും കടലിലെ ആഹാര ശൃംഖല ശക്തമാകുകയും ചെയ്യും. സസ്യജന്തു പ്ലവങ്ങളുടെയും മത്സ്യങ്ങള്‍ ആഹാരമാക്കുന്ന പായലുകളുടെയും അളവ് വര്‍ദ്ധിക്കും. ശാന്തമായ കടലില്‍ പ്രജനന സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കുഞ്ഞ് മത്സ്യങ്ങളുടെ എണ്ണവും വര്‍ദ്ധിക്കും.

കടലിലെ ആഹാര ശൃംഖല ശക്തിപ്പെടുന്നതോടൊപ്പം ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളും കടലിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുതിന് കാരണമായിട്ടുണ്ട്. കടലിലെ മത്സ്യസമ്പത്തിന്‍റെ അടിസ്ഥാനം ചെറുമത്സ്യങ്ങളാണ്. യന്ത്രവത്കൃത മേഖലയിലും പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലും ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ നടപ്പാക്കിയ നടപടികള്‍ ശക്തമായി  തുടരുമെന്നും അതിവാവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.

 

Please follow and like us: