കടലില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ കടലിന്‍റെ നിലനില്‍പ്പിനും മത്സ്യസമ്പത്തിന്‍റെ തളര്‍ച്ചയ്ക്കും കാരണമാകുമെന്ന് മനസ്സിലാക്കി അതിനുള്ള ശാശ്വത പരിഹാരമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ശക്തികുളങ്ങര- നീണ്ടകര ഹാര്‍ബറുകളെ ബന്ധപ്പെടുത്തി ആരംഭിച്ച ശുചിത്വ സാഗരം പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തിക ഫോറത്തിന്‍റെയും അനുമോദനം ഒരേ ദിനം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതി കൂടുതല്‍ ക്രിയാത്മകമാക്കി വ്യാപിപ്പിക്കുന്ന കാര്യം  സജീവ പരിഗണനയിലാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.

ലോകത്തിന് തന്നെ മാതൃകയായാണ് പദ്ധതിയെ ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും കാണുന്നത്. ഐക്യരാഷ്ട്രസഭയുടെ വെബ്സൈറ്റിലാണ് ഇത് സബന്ധിച്ചുളള ലേഖനം പ്രസിദ്ധീകരിച്ചിട്ടുളളത്. കഴിഞ്ഞ പത്ത് മാസമായി ശക്തികുളങ്ങര- നീണ്ടകര ഹാര്‍ബറുകളില്‍ നടന്നു വരുന്ന ശുചിത്വ സാഗരം പദ്ധതിയെ അതുല്യമായ പ്രവര്‍ത്തനമായാണ് ഐക്യരാഷ്ട്രസഭ കാണുന്നത്.

മലയാളികളുടെ ബുദ്ധിക്കും ശക്തിക്കും വളരെ വിലക്കുറവില്‍ പ്രോട്ടീന്‍ നല്‍കുന്ന മത്സ്യത്തിന്‍റെ  ഉത്പാദന പ്രക്രിയയില്‍  വിനാശകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സാമൂഹ്യവിപത്തായി മാറുന്ന കാലഘട്ടത്തില്‍ മത്സ്യസമ്പത്തിന്‍റെ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും മലയാളികളുടെ ആരോഗ്യസംരക്ഷണത്തിനും ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ സാമൂഹ്യ ബാദ്ധ്യകതയുടെ  ഭാഗമാണെന്ന് മന്ത്രി വ്യക്തമാക്കി.
30 ഓളം സ്ത്രീ തൊഴിലാളികളും ആയിരക്കണക്കിനും ബോട്ട് തൊഴിലാളികളും ബോട്ട് ഉടമകളും ശുചിത്വമിഷന്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എംപഡ- ഫിഷ്നെറ്റ് കണക്കുളള  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് ശുചിത്വ സാഗരം പദ്ധതി ലോക ശ്രദ്ധയിലെത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

ബോട്ടുകള്‍ കടലില്‍ കൊണ്ടുപോയ ഭക്ഷണം, ബേക്കറി സാധനങ്ങള്‍ എന്നിവയുടെ കവറുകളും, പ്ലാസ്റ്റിക്ക് ഗ്ലാസ്സുകള്‍ കുടിവെളള കുപ്പികള്‍ എന്നിവ ഒരു തിരിച്ചറിവിന്‍റെ ഭാഗമായി കടലിലേക്ക് വലിച്ചെറിയാതെ വലയില്‍ കുരുങ്ങിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പടെ ക്യാരി ബാഗുകളില്‍ തിരികെ കൊണ്ടുവരുന്ന ഒരു പുതിയ ആരോഗ്യ-പരിസ്ഥിതിപരിപാലന സംസ്കാരം മത്സ്യത്തൊഴിലാളികളില്‍ വളര്‍ത്തികൊണ്ടുവരവാന്‍ പദ്ധതിക്കായി.

കരയില്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി പ്രത്യേകം സജ്ജീകരിച്ച ഷ്രെഡിംഗ് യൂണിറ്റ് വഴി  ചെറുതാക്കി റോഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദ്ധതി അനേകം ആളുകളുടെ  സംയുക്ത പ്രവര്‍ത്തനത്തിന്‍റെയും സാമൂഹ്യ ബാധ്യത വികസനത്തിന്‍റെ കൊടി അടയാളമായി കാണുന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെയും ആത്മാര്‍ത്ഥയുടെയും പ്രതീകമാണെന്ന് മന്ത്രി ചുണ്ടിക്കാട്ടി.

Please follow and like us: