ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് വീശിയ ശക്തമായ കാറ്റില്‍ എറണാകുളം സ്വദേശികളായ ബനഡിക്റ്റിന്‍റെയും ജോഷിയുടെയും ഉടമസ്ഥതയിലുളള ക്രൈയിസ്റ്റ് എന്ന ബോട്ട് ആന്‍ഡ്രൂസ് പളളിയ്ക്കു സമീപം കടപ്പുറത്ത് ഇടിച്ചു കയറി മണ്ണലിലുറയ്ക്കുകയായിരുന്നു.  ബോട്ട് കടലിലിറക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.
ബോട്ട് വീണ്ടും കടലില്‍ ഇറക്കാനുളള ശ്രമം സാമ്പത്തിക പരാധീനതകളാല്‍ ബനഡിക്റ്റിനും ജോഷിക്കും കഴിയാതെ പോയി. ബോട്ട് കടലില്‍ ഇറക്കാന്‍ വിവിധ ഏജന്‍സികളെ സമീപിച്ചെങ്കിലും അവര്‍ വളരെ ഉയര്‍ന്ന നിരക്കാണ് ചോദിച്ചത്.  ബനഡിക്റ്റിന്‍റെയും ജോഷിയുടെയും ശ്രമഫലമായി ഒരു ഏജന്‍സി 10 ലക്ഷം രൂപാ ചിലവില്‍ ബോട്ട് കടലില്‍ ഇറക്കാമെന്ന് സമ്മതിച്ചെങ്കിലും  ബോട്ടിനായി വാങ്ങിയ കടം പോലും വീട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉടമസ്ഥരെ സംബന്ധിച്ചടുത്തോളം 10 ലക്ഷം രൂപ ഒരു വലിയ വിഘാതമായി നിലകൊണ്ടു.

അതിനെ തുടര്‍ന്ന് ഉടമസ്ഥര്‍ ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ്  കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്ക് സഹായധനത്തിനായി നിവേദനം നല്‍കുകയുണ്ടായി.  വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബനഡിക്റ്റും ജോഷിയും 80 ലക്ഷം രൂപ മുടക്കിയാണ് ബോട്ട് വാങ്ങിയത് എന്ന് കണ്ടെത്തി.  കൂടാതെ വാഹനാപകടത്തില്‍ കാലിനു പരിക്കേറ്റ് മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്ത ബനഡിക്റ്റിനെ സഹായിക്കാന്‍ കൂടിയാണ് ബന്ധുക്കളും കൂട്ടുകാരും നല്‍കിയ തുകയൊടോപ്പം കടം വാങ്ങിയ തുക കൂടി ചേര്‍ത്താണ് ബോട്ട് വാങ്ങിയത്. ബോട്ട് കടലില്‍ ഇറക്കാനുളള സാമ്പത്തിക സ്ഥിതി ഉടമകള്‍ക്ക് ഇല്ലായിരുന്നു. 20 അടിയോളം മണ്ണില്‍ താഴ്ന്ന ബോട്ട് കടലില്‍ ഇറക്കുന്നത് ദുഷ്കരമായിരുന്നു. ഇക്കാര്യം മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി.

ഇതെ തുടര്‍ന്ന് വകുപ്പുകള്‍ നടത്തിയ വിശദമായി അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ബോട്ട് കടലില്‍ ഇറക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാന്‍ ക്യാബിനറ്റ് തീരുമാനിക്കികയായിരുന്നു. ബനഡിക്റ്റിന്‍റെയും ജോഷിയുടെയും ജീവിതത്തില്‍ പ്രത്യാശയുടെ കിരണങ്ങളായി സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ മാറുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Please follow and like us: